Monday, December 31, 2007

നന്ദിയപ്പാപ്രിയപ്പെട്ട രണ്ടായിരത്തിയേഴേ,

നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് പന്ത്രണ്ട് മാസം തികഞ്ഞിരിക്കുകയാണ്. ചേട്ടച്ചാരായ 2006 പെന്‍ഷന്‍ പറ്റി പോയ ഒഴിവിലാ‍യിരുന്നല്ലോ താങ്കള്‍ ചാര്‍ജ്ജ് എടുത്തിരുന്നത്. ചേട്ടനെക്കാളും ഉജ്ജ്വല്‍ കുമാറായിരുന്നോ താങ്കളെന്ന് ചോദിച്ചാല്‍ രണ്ടുപേരും എനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു എന്നേ പറയാന്‍ പറ്റൂ. ചേട്ടനെപ്പോലെ തന്നെ താങ്കളും അടിപൊളിയായിരുന്നു. നല്ല നല്ല ഓര്‍മ്മകള്‍ താങ്കളും നല്‍കി. അങ്ങിനെ മൊത്തത്തില്‍ അങ്ങിനെയങ്ങ് പോയി.

നിങ്ങളുടെ സേവനം അനുഭവിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് ഇവിടെ വലിയ കാര്യമൊന്നുമില്ല. ലോകം മുഴുവന്‍ നിങ്ങള്‍ക്ക് നോക്കി നടത്തേണ്ടതാണെന്നറിയാം. അപ്പോള്‍ ഒരിടത്ത് കയറ്റമാണെങ്കില്‍ മറ്റൊരിടത്ത് ഇറക്കമായിരിക്കും. കാരണം ലോകത്തില്‍ ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആണല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ലോകത്ത് പലയിടത്തും നാട്ടില്‍ തന്നെയും പല പല പ്രശ്‌നങ്ങളും ചേട്ടച്ചാരുടെ കാലത്തെന്നപോലെ നിങ്ങളുടെ കാലത്തുമുണ്ടായി. അറിയാം, ഇതെല്ലാം നിങ്ങള്‍ തന്നെ നോക്കി നടത്തേണ്ടേ. എന്നെപ്പോലുള്ളവരല്ലേ ടീംസ്. വലിയ പാടു തന്നെയാവും. മെച്ചപ്പെടുമായിരിക്കുമല്ലേ. അങ്ങിനെ പ്രത്യാശിക്കാം.

നിങ്ങളൊക്കെ ഓരോ കൊല്ലവും ഡിസംബര്‍ 31 ന് ശേഷം എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം യാതൊരു പിടുത്തവുമില്ല. എവിടെയാണെങ്കിലും അടിച്ച് പൊളിച്ച് തന്നെ കഴിയും എന്ന് വിചാരിക്കുന്നു. ഇനി വരാന്‍ പോകുന്ന അനിയന്‍ 2008 എപ്പടി? പ്രശ്‌നക്കാരനാവില്ല എന്ന് കരുതുന്നു.

അപ്പോള്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ചെയ്ത എല്ലാ നല്ല കാര്യങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് ശുഭയാത്ര നേരുന്നു. ഇനി മറ്റു പലയിടത്തും നിങ്ങള്‍ക്ക് ഇതുപോലുള്ള യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടെന്നറിയാം. അതുകൊണ്ട് ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും ഞാനോര്‍ക്കുകയാണ്. 365 ദിവസവും ഞങ്ങളെ സേവിച്ച നിങ്ങള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ നിങ്ങളുടെ സേവനങ്ങള്‍ക്ക് ഒരു നന്ദി പറയാതെ ഇനി വരാന്‍ പോകുന്ന, എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്നൊന്നുമറിയാത്ത അനിയച്ചാരെ വരവേല്‍ക്കാന്‍ ആള്‍ക്കാരൊക്കെ അക്ഷമരായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ഫീലിംഗ്സ് ഉണ്ടാവാറില്ലേ? കാലചക്രം ഒരു ചക്രമായതുകൊണ്ടും അതിങ്ങനെ കറങ്ങിക്കറങ്ങിയിരിക്കുന്നതുകൊണ്ടും 2006 നും ഇതേ ഫീലിംഗ്സൊക്കെ ഉണ്ടായിരുന്നു, അന്ന് നിങ്ങള്‍ അതൊക്കെ ആലോചിച്ചോ എന്ന് താത്വികമായി ചോദിക്കാമായിരിക്കുമല്ലേ. അന്ന് അടിച്ച് പൊളിച്ച് വന്ന് എല്ല്ലാവരോടും ഹായ് ഒക്കെ പറഞ്ഞ് ചാര്‍ജ്ജ് എടുത്തപ്പോള്‍ ഓര്‍ത്തിരുന്നോ പന്ത്രണ്ട് മാസം കഴിയുമ്പോള്‍ നിങ്ങള്‍ക്കും പോകേണ്ടി വരും എന്ന്? സാരമില്ല, പ്രജകളായ ഞങ്ങളും ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാറില്ല. എങ്കിലും നിങ്ങളുടെ സേവനങ്ങള്‍, ചെയ്ത ഉപകാരങ്ങള്‍ ഇതൊക്കെ എങ്ങിനെ മറക്കാന്‍? സമരണ വേണം, കുറഞ്ഞ പക്ഷം തേവരയിലെങ്കിലും സമരണ വേണം എന്നാണല്ലോ ഞങ്ങളുടെ നേതാവ് സുരേഷ് ഗോപിയണ്ണന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും.

ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും സന്തോഷുമായി കഴിയാന്‍ സാധിക്കട്ടെ. ഈ 365 ദിവസത്തെപ്പറ്റിയും ഒരു അവലോ കനം നടത്തി എന്തെങ്കിലുമൊക്കെ ടിപ്സ് അനിയന് കൊടുക്കാന്‍ പറ്റിയാല്‍ അതും നന്നായിരിക്കും.

അപ്പോള്‍ മൂന്നാമതൊരിക്കല്‍ കൂടി നന്ദി. വീശ് യൂ ആള് താന്‍ ബെസ്റ്റ്. സീയൂ, ബായ്‌ബായ്, ടേയ്ക്ക് കെയര്‍ ആന്‍ഡ് ഡോണ്ട് ടേയ്ക്ക് ദാറ്റ് കയര്‍. ബാ‍ാ‍ാ‍ാ‍ാ‍ായ്

Labels:

Sunday, December 30, 2007

അതിന്യൂനത ഫോട്ടോഗ്രാഫിറ്റിഇങ്ങിനെയൊരു പടം പിടിക്കാന്‍ വേണ്ട സംഭവങ്ങള്‍:

1. കൈമറ
2. കൈവിറ
3. മരത്തല
4. സര്‍വ്വാംഗപുച്ഛഭാവം
5. ലോകത്തോട് മൊത്തത്തില്‍ ദേഷ്യം
6. ബീപ്പി 150/100

അര്‍ദ്ധരാത്രി ഒരു ഏഴെട്ട് മണിയാകുമ്പോള്‍ പട്ടി ചന്തയ്ക്ക് പോകുന്ന സ്റ്റൈലില്‍ കൈമറയും കഴുത്തില്‍ തൂക്കി ഇറങ്ങുക. ഒരു നാല്‍‌ക്കവലയില്‍ പട്ടി മുള്ളാന്‍ നില്‍‌ക്കുന്ന സ്റ്റൈലില്‍ നില്‍‌ക്കുക. രാത്രിയില്‍ ഷേക്കില്ലാതെ, ഫ്ലാഷില്ലാതെ, എന്താണ് പടത്തിലെന്ന് സ്വല്പമെങ്കിലും കാണാന്‍ പറ്റുന്ന പടമെങ്ങിനെ എടുക്കുമെന്ന് യാതൊരു ഐഡിയായുമുണ്ടാവരുത്. വൃത്തവും താ‍ളവും ഈണവുമെല്ലാം കവിതയ്ക്ക് വേണമെന്ന് പറയുന്നവരെ ആധുനികര്‍ ചീത്ത വിളിക്കുന്നതിലും ശക്തിയില്‍ മൂന്നിന്റെ നിയമവും ഫ്രെയിമിന്റെ പ്രാധാന്യവുമൊക്കെ പടം പിടുത്തത്തിന്റെ കാര്യത്തില്‍ പറയുന്നവരെയെല്ലാം ചീത്തവിളിക്കുക. ഷട്ടര്‍ പ്രയോരിറ്റി മോഡിയെയും അപേര്‍ച്ചര്‍ പ്രയോരിറ്റി മോഡിയെയും മാനുവല്‍ മോഡിയെയും എല്ലാം ചീത്ത വിളിക്കുക. നല്ല ഫോട്ടോകള്‍ എടുക്കുന്നവരെയെല്ലാം പത്ത് ചീത്ത പറയുക. ആ ഫോട്ടോയെല്ലാം നല്ലതാണെന്ന് പറയുന്നവരെ ഒന്നുകൂടി ചീത്ത വിളിക്കുക. മറുനാട്ടിലാണെങ്കില്‍ ഉച്ചത്തില്‍ മലയാളത്തില്‍ തന്നെ ചീത്ത വിളിക്കുക. അപ്പുവിനെയും സപ്തത്തെയുമെല്ലാം രണ്ട് ചീത്ത കൂടുതല്‍ വിളിക്കുക.

എന്നിട്ട് ക്യാമറ കൈയ്യിലെടുക്കുക. ഒരു പുച്ഛഭാവത്തില്‍ ചുറ്റും നോക്കുക. നോട്ടം കണ്ടാല്‍ ഏതവനും രണ്ട് ചീത്ത ഇങ്ങോട്ട് വിളിക്കുന്ന രീതിയിലായിരിക്കണം. വ്യൂ ഫൈന്‍ഡറില്‍ കൂടി നോക്കണമെന്നൊന്നുമില്ല, വേണമെങ്കില്‍ ആവാമെന്ന് മാത്രം. ചുമ്മാ ക്ലിക്കുക. മലര്‍ന്ന് കിടന്ന് ഓതിരം മറിഞ്ഞ് തിരിഞ്ഞമര്‍ന്ന് ചെരിഞ്ഞുനോക്കി വായുവില്‍ ചാടി പിന്നേം ചാടി മലര്‍ന്നടിച്ച് കമഴ്‌ന്നുവീണ് കൈകുത്തി കാല്‍കുത്തി ഒരുകാലില്‍ ചാടി പിന്നെ രണ്ടുകാലിലും ചാടി പുറം തല്ലി വീണ് കുത്തിയിരുന്ന് എല്ല്ലാം ക്ലിക്കുക. മാനുവല്‍ മോഡിയിലും അപേര്‍ച്ചര്‍ പ്രിയോര്‍ മാങ്ങയിലും ഷട്ടറിട്ടും ഇടാതെയും ഓട്ടോ മോഡിലും ഫ്ലാഷിട്ടും ഇടാതെയും എല്ലാം ക്ലിക്കുക. ചുമ്മാ ക്ലിക്കുക. എന്നിട്ട് വീട്ടില്‍ പോയിക്കിടന്നുറങ്ങുക.

രാവിലെ സുപ്രഭാതം കേട്ടുണരുക. ഒരു കുളിയൊക്കെ പാസ്സാക്കി നല്ല ഫ്രഷായി ചൂടിഡ്ഡലിയും ചൂട് സാമ്പാറും ചൂടു ചായയും കുടിച്ച് കമ്പ്യൂട്ടറില്‍ പടമെല്ലാം കയറ്റുക. പത്ത് മുന്നൂറ് ക്ലിക്കുകളില്‍ ഒരെണ്ണമെങ്കിലും ശരിയാവാതിരിക്കുമോ? ഇനി ഒരെണ്ണം പോലും മൊത്തത്തില്‍ ശരിയായില്ലെങ്കില്‍ ഒരു ഫോട്ടോയെ ആയിരമോ രണ്ടായിരമോ ആയി വിഭജിച്ച് ആയിരത്തില്‍ നാന്‍ ഒരുവന്‍ സ്റ്റൈലില്‍ അതിന്റെ രണ്ടായിരത്തിലൊരംശമെങ്കിലും ശരിയാവാതിരിക്കുമോ? ലൈസ്, ഇടുക്കി ഡാം ലൈസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നാണ് മഹദ്‌ വചനമെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അത്ര മോശം സയന്‍സൊന്നുമല്ല.

അപ്പോള്‍ ആഞ്ഞു പിടി, ആഞ്ഞ് ഞെക്ക്, കികിപോപോ.

Labels: ,

Friday, December 28, 2007

കഥയപ്പാ

പ്രകൃതിരമണിച്ചേച്ചി സുന്ദരിയായിരുന്നു (എന്നായിരുന്നു കണ്ടവരൊക്കെ പറഞ്ഞത്).

സുശീലയായിരുന്നു, സുഭാഷിണിയായിരുന്നു, സുമുഖിയായിരുന്നു എന്നൊക്കെ പറയുന്നത് കല്ലുവാതുക്കലെ കല്ലുവെച്ച നുണകള്‍ മാത്രം.

കാരണം രമണിയെങ്ങിനെ സുശീലയാകും? സുഭാഷിണിയാകും? സുമുഖിയാവും? രമണി രമണിയല്ലേ? മുഴുവന്‍ പേര് പ്രകൃതിരമണി. ഞങ്ങള്‍ സ്നേഹത്തോടെ പ്രകൃതിരമണിച്ചേച്ചീ എന്ന് നീട്ടിവിളിച്ചു.

അബദ്ധകുമാരന്‍ നായര്‍ പട്ടാളത്തിലായിരുന്നു-റോയല്‍ നായേഴ്സ് ഫോഴ്സില്‍.മൊത്തത്തില്‍ എന്തോപോലെയൊക്കെയാണ് ഷേപ്പെങ്കിലും ഏതാണ്ടൊരു ചേനച്ചന്തമൊക്കെ ഏതോ ആംഗിളിലിലൊക്കെയുണ്ടെന്നായിരുന്നു അബദ്ധകുമാരന്‍ നായരുടെയെങ്കിലും അബദ്ധധാരണ. ബാക്കിയുള്ളവര്‍ക്കൊക്കെ ഒരു ധാരണയുമില്ലായിരുന്നു. ചേട്ടനെങ്ങിനെയിങ്ങിനെയായിപ്പോയി എന്ന് നമുക്കല്ലെ അറിയൂ.

കൂടുതലെന്തു പറയേണ്ടൂ... അബദ്ധകുമാരന്‍ നായര്‍ ഒരുതവണ ലീവിനു വന്നപ്പോള്‍ പ്രകൃതിരമണിച്ചേച്ചിയെ കല്ല്യാണം കഴിച്ചു-അറേഞ്ച്ഡ് മാര്യേജ്.

ഹണിയില്‍ മൂണിനെക്കാണാന്‍ രാത്രിയില്‍ ഈ നദിക്കരയിലൊക്കെ വന്ന് മാനത്ത് നോക്കിയിരിപ്പായിരുന്നു രണ്ടുപേരും.രാത്രിയല്ലേ, തണുപ്പല്ലേ, മഞ്ഞല്ലേ. മൊത്തം ഷേക്കായി.

കൂടുതലെന്ത് പറയേണ്ടൂ... ആ ദാമ്പത്തികവല്ലരിയില്‍ പൂത്തുലഞ്ഞു രണ്ട് പുത്രന്മാര്‍. ഇരട്ടകള്‍. സിസേറിയനായിരുന്നു.ഒന്നാമന്‍ എ.പി. മണ്ടനായ്. പാസ്‌പോര്‍ട്ടിലെ മുഴുവന്‍ പേര് അബദ്ധകുമാരന്‍ നായര്‍ പ്രകൃതിരമണി മണ്ടനായ്രണ്ടാമന്‍ എ.പി. ലണ്ടനായ്രണ്ടുപേര്‍ക്കും പ്രകൃതിരമണിച്ചേച്ചിയുടെ സൌന്ദര്യമൊന്നും കിട്ടിയില്ലെന്നാണ് പൊതുജനസംസാരം. അബദ്ധകുമാരന്‍ ചേട്ടന്റെ കട്ടാണത്രേ കൂടുതല്‍.

എങ്കിലും സ്വല്പം ഗ്ലാമര്‍ കൂടുതല്‍ എ.പി ലണ്ടനായ്‌ക്കാണെന്നായിരുന്നു ലണ്ടനായിയുടെയെങ്കിലും അബദ്ധധാരണ.

...ത്രേള്ളൂ

Labels:

Sunday, December 16, 2007

ബോട്ടപ്പാ

ഈ ലോകത്ത് എത്രതരം ബോട്ടുകളുണ്ട് എന്നറിയണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി. അല്ലെങ്കില്‍ എറിക്‍സണായാലും മതി. സീമെന്‍സ് വേണ്ടാ...ല്ലേ :)

Labels:

Sunday, December 02, 2007

പ്രകൃതിരമണിച്ചേച്ചി