Monday, December 31, 2007

നന്ദിയപ്പാ



പ്രിയപ്പെട്ട രണ്ടായിരത്തിയേഴേ,

നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് പന്ത്രണ്ട് മാസം തികഞ്ഞിരിക്കുകയാണ്. ചേട്ടച്ചാരായ 2006 പെന്‍ഷന്‍ പറ്റി പോയ ഒഴിവിലാ‍യിരുന്നല്ലോ താങ്കള്‍ ചാര്‍ജ്ജ് എടുത്തിരുന്നത്. ചേട്ടനെക്കാളും ഉജ്ജ്വല്‍ കുമാറായിരുന്നോ താങ്കളെന്ന് ചോദിച്ചാല്‍ രണ്ടുപേരും എനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു എന്നേ പറയാന്‍ പറ്റൂ. ചേട്ടനെപ്പോലെ തന്നെ താങ്കളും അടിപൊളിയായിരുന്നു. നല്ല നല്ല ഓര്‍മ്മകള്‍ താങ്കളും നല്‍കി. അങ്ങിനെ മൊത്തത്തില്‍ അങ്ങിനെയങ്ങ് പോയി.

നിങ്ങളുടെ സേവനം അനുഭവിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് ഇവിടെ വലിയ കാര്യമൊന്നുമില്ല. ലോകം മുഴുവന്‍ നിങ്ങള്‍ക്ക് നോക്കി നടത്തേണ്ടതാണെന്നറിയാം. അപ്പോള്‍ ഒരിടത്ത് കയറ്റമാണെങ്കില്‍ മറ്റൊരിടത്ത് ഇറക്കമായിരിക്കും. കാരണം ലോകത്തില്‍ ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആണല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ലോകത്ത് പലയിടത്തും നാട്ടില്‍ തന്നെയും പല പല പ്രശ്‌നങ്ങളും ചേട്ടച്ചാരുടെ കാലത്തെന്നപോലെ നിങ്ങളുടെ കാലത്തുമുണ്ടായി. അറിയാം, ഇതെല്ലാം നിങ്ങള്‍ തന്നെ നോക്കി നടത്തേണ്ടേ. എന്നെപ്പോലുള്ളവരല്ലേ ടീംസ്. വലിയ പാടു തന്നെയാവും. മെച്ചപ്പെടുമായിരിക്കുമല്ലേ. അങ്ങിനെ പ്രത്യാശിക്കാം.

നിങ്ങളൊക്കെ ഓരോ കൊല്ലവും ഡിസംബര്‍ 31 ന് ശേഷം എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം യാതൊരു പിടുത്തവുമില്ല. എവിടെയാണെങ്കിലും അടിച്ച് പൊളിച്ച് തന്നെ കഴിയും എന്ന് വിചാരിക്കുന്നു. ഇനി വരാന്‍ പോകുന്ന അനിയന്‍ 2008 എപ്പടി? പ്രശ്‌നക്കാരനാവില്ല എന്ന് കരുതുന്നു.

അപ്പോള്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ചെയ്ത എല്ലാ നല്ല കാര്യങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് ശുഭയാത്ര നേരുന്നു. ഇനി മറ്റു പലയിടത്തും നിങ്ങള്‍ക്ക് ഇതുപോലുള്ള യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടെന്നറിയാം. അതുകൊണ്ട് ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും ഞാനോര്‍ക്കുകയാണ്. 365 ദിവസവും ഞങ്ങളെ സേവിച്ച നിങ്ങള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ നിങ്ങളുടെ സേവനങ്ങള്‍ക്ക് ഒരു നന്ദി പറയാതെ ഇനി വരാന്‍ പോകുന്ന, എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്നൊന്നുമറിയാത്ത അനിയച്ചാരെ വരവേല്‍ക്കാന്‍ ആള്‍ക്കാരൊക്കെ അക്ഷമരായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ഫീലിംഗ്സ് ഉണ്ടാവാറില്ലേ? കാലചക്രം ഒരു ചക്രമായതുകൊണ്ടും അതിങ്ങനെ കറങ്ങിക്കറങ്ങിയിരിക്കുന്നതുകൊണ്ടും 2006 നും ഇതേ ഫീലിംഗ്സൊക്കെ ഉണ്ടായിരുന്നു, അന്ന് നിങ്ങള്‍ അതൊക്കെ ആലോചിച്ചോ എന്ന് താത്വികമായി ചോദിക്കാമായിരിക്കുമല്ലേ. അന്ന് അടിച്ച് പൊളിച്ച് വന്ന് എല്ല്ലാവരോടും ഹായ് ഒക്കെ പറഞ്ഞ് ചാര്‍ജ്ജ് എടുത്തപ്പോള്‍ ഓര്‍ത്തിരുന്നോ പന്ത്രണ്ട് മാസം കഴിയുമ്പോള്‍ നിങ്ങള്‍ക്കും പോകേണ്ടി വരും എന്ന്? സാരമില്ല, പ്രജകളായ ഞങ്ങളും ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാറില്ല. എങ്കിലും നിങ്ങളുടെ സേവനങ്ങള്‍, ചെയ്ത ഉപകാരങ്ങള്‍ ഇതൊക്കെ എങ്ങിനെ മറക്കാന്‍? സമരണ വേണം, കുറഞ്ഞ പക്ഷം തേവരയിലെങ്കിലും സമരണ വേണം എന്നാണല്ലോ ഞങ്ങളുടെ നേതാവ് സുരേഷ് ഗോപിയണ്ണന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും.

ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും സന്തോഷുമായി കഴിയാന്‍ സാധിക്കട്ടെ. ഈ 365 ദിവസത്തെപ്പറ്റിയും ഒരു അവലോ കനം നടത്തി എന്തെങ്കിലുമൊക്കെ ടിപ്സ് അനിയന് കൊടുക്കാന്‍ പറ്റിയാല്‍ അതും നന്നായിരിക്കും.

അപ്പോള്‍ മൂന്നാമതൊരിക്കല്‍ കൂടി നന്ദി. വീശ് യൂ ആള് താന്‍ ബെസ്റ്റ്. സീയൂ, ബായ്‌ബായ്, ടേയ്ക്ക് കെയര്‍ ആന്‍ഡ് ഡോണ്ട് ടേയ്ക്ക് ദാറ്റ് കയര്‍. ബാ‍ാ‍ാ‍ാ‍ാ‍ായ്

Labels: