Sunday, December 30, 2007

അതിന്യൂനത ഫോട്ടോഗ്രാഫിറ്റി



ഇങ്ങിനെയൊരു പടം പിടിക്കാന്‍ വേണ്ട സംഭവങ്ങള്‍:

1. കൈമറ
2. കൈവിറ
3. മരത്തല
4. സര്‍വ്വാംഗപുച്ഛഭാവം
5. ലോകത്തോട് മൊത്തത്തില്‍ ദേഷ്യം
6. ബീപ്പി 150/100

അര്‍ദ്ധരാത്രി ഒരു ഏഴെട്ട് മണിയാകുമ്പോള്‍ പട്ടി ചന്തയ്ക്ക് പോകുന്ന സ്റ്റൈലില്‍ കൈമറയും കഴുത്തില്‍ തൂക്കി ഇറങ്ങുക. ഒരു നാല്‍‌ക്കവലയില്‍ പട്ടി മുള്ളാന്‍ നില്‍‌ക്കുന്ന സ്റ്റൈലില്‍ നില്‍‌ക്കുക. രാത്രിയില്‍ ഷേക്കില്ലാതെ, ഫ്ലാഷില്ലാതെ, എന്താണ് പടത്തിലെന്ന് സ്വല്പമെങ്കിലും കാണാന്‍ പറ്റുന്ന പടമെങ്ങിനെ എടുക്കുമെന്ന് യാതൊരു ഐഡിയായുമുണ്ടാവരുത്. വൃത്തവും താ‍ളവും ഈണവുമെല്ലാം കവിതയ്ക്ക് വേണമെന്ന് പറയുന്നവരെ ആധുനികര്‍ ചീത്ത വിളിക്കുന്നതിലും ശക്തിയില്‍ മൂന്നിന്റെ നിയമവും ഫ്രെയിമിന്റെ പ്രാധാന്യവുമൊക്കെ പടം പിടുത്തത്തിന്റെ കാര്യത്തില്‍ പറയുന്നവരെയെല്ലാം ചീത്തവിളിക്കുക. ഷട്ടര്‍ പ്രയോരിറ്റി മോഡിയെയും അപേര്‍ച്ചര്‍ പ്രയോരിറ്റി മോഡിയെയും മാനുവല്‍ മോഡിയെയും എല്ലാം ചീത്ത വിളിക്കുക. നല്ല ഫോട്ടോകള്‍ എടുക്കുന്നവരെയെല്ലാം പത്ത് ചീത്ത പറയുക. ആ ഫോട്ടോയെല്ലാം നല്ലതാണെന്ന് പറയുന്നവരെ ഒന്നുകൂടി ചീത്ത വിളിക്കുക. മറുനാട്ടിലാണെങ്കില്‍ ഉച്ചത്തില്‍ മലയാളത്തില്‍ തന്നെ ചീത്ത വിളിക്കുക. അപ്പുവിനെയും സപ്തത്തെയുമെല്ലാം രണ്ട് ചീത്ത കൂടുതല്‍ വിളിക്കുക.

എന്നിട്ട് ക്യാമറ കൈയ്യിലെടുക്കുക. ഒരു പുച്ഛഭാവത്തില്‍ ചുറ്റും നോക്കുക. നോട്ടം കണ്ടാല്‍ ഏതവനും രണ്ട് ചീത്ത ഇങ്ങോട്ട് വിളിക്കുന്ന രീതിയിലായിരിക്കണം. വ്യൂ ഫൈന്‍ഡറില്‍ കൂടി നോക്കണമെന്നൊന്നുമില്ല, വേണമെങ്കില്‍ ആവാമെന്ന് മാത്രം. ചുമ്മാ ക്ലിക്കുക. മലര്‍ന്ന് കിടന്ന് ഓതിരം മറിഞ്ഞ് തിരിഞ്ഞമര്‍ന്ന് ചെരിഞ്ഞുനോക്കി വായുവില്‍ ചാടി പിന്നേം ചാടി മലര്‍ന്നടിച്ച് കമഴ്‌ന്നുവീണ് കൈകുത്തി കാല്‍കുത്തി ഒരുകാലില്‍ ചാടി പിന്നെ രണ്ടുകാലിലും ചാടി പുറം തല്ലി വീണ് കുത്തിയിരുന്ന് എല്ല്ലാം ക്ലിക്കുക. മാനുവല്‍ മോഡിയിലും അപേര്‍ച്ചര്‍ പ്രിയോര്‍ മാങ്ങയിലും ഷട്ടറിട്ടും ഇടാതെയും ഓട്ടോ മോഡിലും ഫ്ലാഷിട്ടും ഇടാതെയും എല്ലാം ക്ലിക്കുക. ചുമ്മാ ക്ലിക്കുക. എന്നിട്ട് വീട്ടില്‍ പോയിക്കിടന്നുറങ്ങുക.

രാവിലെ സുപ്രഭാതം കേട്ടുണരുക. ഒരു കുളിയൊക്കെ പാസ്സാക്കി നല്ല ഫ്രഷായി ചൂടിഡ്ഡലിയും ചൂട് സാമ്പാറും ചൂടു ചായയും കുടിച്ച് കമ്പ്യൂട്ടറില്‍ പടമെല്ലാം കയറ്റുക. പത്ത് മുന്നൂറ് ക്ലിക്കുകളില്‍ ഒരെണ്ണമെങ്കിലും ശരിയാവാതിരിക്കുമോ? ഇനി ഒരെണ്ണം പോലും മൊത്തത്തില്‍ ശരിയായില്ലെങ്കില്‍ ഒരു ഫോട്ടോയെ ആയിരമോ രണ്ടായിരമോ ആയി വിഭജിച്ച് ആയിരത്തില്‍ നാന്‍ ഒരുവന്‍ സ്റ്റൈലില്‍ അതിന്റെ രണ്ടായിരത്തിലൊരംശമെങ്കിലും ശരിയാവാതിരിക്കുമോ? ലൈസ്, ഇടുക്കി ഡാം ലൈസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നാണ് മഹദ്‌ വചനമെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അത്ര മോശം സയന്‍സൊന്നുമല്ല.

അപ്പോള്‍ ആഞ്ഞു പിടി, ആഞ്ഞ് ഞെക്ക്, കികിപോപോ.

Labels: ,

25 Comments:

Blogger un said...

ചിത്രം പെരുത്തിഷ്ടായി. എനിക്കും ഈ ബിപി,ഐഎഡി ഒന്നും നോക്കി പടം പിടിക്കാനറിയില്ല.
വക്കാരി തമാശിച്ചതാണെങ്കിലും,ലോമോഗ്രാഫി എന്നൊരു സംഭവമുണ്ട്. ഹാപ്പി ആക്സിഡന്റ്സ് എന്നാണവര്‍ പറയുന്നതു തന്നെ.ഇതിലും ഫയങ്കര അത്യതിന്യൂനത ഫോട്ടോഗ്രാഫിറ്റികള്‍ കാണാം.

Sun Dec 30, 09:34:00 AM 2007  
Blogger വാല്‍മീകി said...

നല്ല ഐഡിയ. ഇങ്ങനെ പട്ടി ചന്തക്ക് പോകുന്ന വഴിക്ക് എവിടെയെങ്കിലും കയറി രണ്ടെണ്ണം വിട്ടാല്‍ കുഴപ്പമുണ്ടോ?
എന്തായാലും ഞാന്‍ ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു.

Sun Dec 30, 10:30:00 AM 2007  
Blogger ഹരിത് said...

വക്കാരിമഷ്ടാ, ഇപ്പൊ കിടിലന്‍ പടം പിടിക്കുന്നതിന്റെ ഗുട്ട്ന്‍സ് വക്കാരിമഷ്ട്ട്ടായി

Sun Dec 30, 11:50:00 AM 2007  
Blogger ബഹുവ്രീഹി said...

കൂരാക്കൂരിരുട്ട്..രിരുട്ട്..രുട്ട്..ട്ട്...ട്..

പ്രകാശത്തില്‍ കുളിച്ചുതോര്‍ത്തിനില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ബ്ലംഗ്ലാവ്.

അതിലിടിച്ചു നില്‍ക്കുന്ന ഒരു ചെവലമഞ്ഞക്കളര്‍ ലോറി.!!!

ഭയാനകവും ഭീതിജനകവുമായ വിജനതയില്‍ അന്തം വിട്ടു നില്‍ക്കുന്ന ജനക്കൂട്ടം!

ലോറിയില്‍ നിന്നും ഇറങ്ങിയ അശ്വാ‍രൂഢന്‍ സൈക്കിളീല്‍ മന്ദം മന്ദം അടുത്ത ലോറി ലക്ഷ്യമാക്കി ശരവേഗത്തില്‍ പായുന്നത് മറ്റാരും കണ്ടില്ല!

ബഖാരിമസ്ഥാനൊഴികെ!

സിലിണ്ടര്‍ ആകൃതിയിലുള്ള സൈക്കിള്‍ ടയറും അശ്വാരൂഢന്റെ വദനകുതൂ‍ഹലവും അവ്യക്തമായി കണ്ട ബഖാരിമസ്ഥാ‍ന്‍ ഞെട്ടി.

സൈക്കീള്‍ വാലാ മൈക്കിള്‍!!!!!

Sun Dec 30, 12:04:00 PM 2007  
Blogger ബാബുരാജ് said...

ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഉണ്ടായിട്ടും എനിക്ക്‌ ഇതുപോലൊരു ഫോട്ടം പിടിക്കാന്‍ പറ്റുന്നില്ലല്ല്ലോ? ഇനി എന്തു ചെയ്യണം?

ഫോട്ടോ ഗംഭീരം. നവവല്‍സരാശംസകള്‍!!

Sun Dec 30, 12:39:00 PM 2007  
Blogger മൂര്‍ത്തി said...

വക്കാരീസ് ടിപ്സ് ഫോര്‍ സ്ട്രെസ്സ് ഫ്രീ ഫോട്ടോഗ്രാഫി എന്നതായിരുന്നു നല്ല തലക്കെട്ട്...കുഴപ്പമില്ല. ഇനി ശ്രദ്ധിച്ചാല്‍ മതി..

പേരയ്ക്ക തന്ന ലിങ്കിനു നന്ദി..

Sun Dec 30, 01:07:00 PM 2007  
Blogger നവരുചിയന്‍ said...

ഈ പരുപാടി കൊള്ളാം . പിന്നെ വല്മികി മാഷ് പറഞ്ഞ പോലെ രണ്ടെണ്ണം വിട്ടിടു പടം പിടിച്ചാല്‍ ഇതിലും ഉഷാര്‍ ആകും എന്ന് തോനുന്നു ...
പേരക്ക ജി ആ ലിങ്ക് എനിക്കും പെരുത്ത്‌ ഇഷ്ടം ആയി

Sun Dec 30, 02:04:00 PM 2007  
Blogger ശ്രീലാല്‍ said...

ഗുരോ, ഞാന്‍ ഒരാത്മാവിനെ കാണുന്നു ആ ചിത്രത്തില്‍..സൈക്കിളില്‍ പാഞ്ഞു പോകുകയാണാ ആത്മാവ്... ദേഹത്തു കൂടിയോ..?

Sun Dec 30, 02:32:00 PM 2007  
Blogger രാജന്‍ വെങ്ങര said...

ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള സുന്ദരന്‍ വിവരണം ഇല്ലായിരുന്നെങ്കില്‍ ഒരു അത്യന്താധുനീക കവിത പോലെ പിടി തരാതെ ,!?
ആത്മാവിന്റെ അതിഗൂഡായനമായും,
ആടയാഭരണവിഭൂഷിതമാം
അത്ഭുതത്തിനുത്തരപാര്‍ശ്വം
അലറിവിളിച്ചെത്തുമൊരഗ്നിവണ്ടി!
എന്നല്ലാം വിവക്ഷിച്ചു ഞാനും കേമനായനേ...

Sun Dec 30, 03:44:00 PM 2007  
Blogger ദേവന്‍ said...

ഇതിനാണോ ഇംഗ്ലീഷില്‍ ക്യാമറ പാനിക്കിങ് എന്നു പറയുന്നത്? സപ്തനോ കൈപ്പള്ളിയോ മറ്റോ അതിനെക്കുറിച്ചൊരു പ്രബന്ധം എഴുതിയിരുന്നല്ലോ.

ഫോട്ടോഗ്രഫിയുടെ ശിലായുഗത്തില്‍ എനിക്കൊരു സാദാഫിലിം സദാഫോക്കസിങ്ങ് ക്യാമറ ഉണ്ടായിരുന്നു. ഒരു കല്യാണത്തിനു പോയി അതുകൊണ്ട് കുറേ പടമെടുത്ത് ഡി. വേലപ്പ (ക്രെഡിറ്റ് അരവിന്ദിന്‌)നു കൊടുത്തു. പേപ്പറേല്‍ പതിഞ്ഞു കിട്ടിയ ഒരു പടത്തില്‍ ഉടുപ്പിടാത്ത ഒരു മുട്ടന്‍ കുടവയറിനു പകുതി മറഞ്ഞ് വധു ഇരുന്നു ചിരിക്കുന്നു, കാര്‍മേഘത്തിന്റെ വക്കിലൂടെ നോക്കുന്ന അമ്പിളി മാമനെപ്പോലെ. ഞാന്‍ പടം പിടിക്കുന്നതിനിടയില്‍ പൂജാരി മുന്നില്‍ക്കൂടെ എടുത്തു ചാടിയതാ, അറിഞ്ഞില്ല. ഒരവാര്‍ഡിനു സ്കോപ്പ് ഉണ്ടായിരുന്നെങ്കിലും പെണ്ണിന്റച്ഛന്‍ എന്റെ ഒരമ്മാവനായതുകൊണ്ടും കെട്ടിയ പയ്യന്‍ ഒരു ജിം ആയിരുന്നതുകൊണ്ടും വീട്ടിനു പുറത്ത് ആരേം പടം കാണിച്ചില്ല.

Sun Dec 30, 04:59:00 PM 2007  
Blogger Physel said...

എല്ലാം വളര ഉഷാറായി...ന്നാലും ആ അവസാനത്തെ ആ‍ാ‍ാ‍ാ‍ാഹ്വാനം..അപ്പാ, വക്കാരിയപ്പോ... എപ്പോ?

Sun Dec 30, 05:00:00 PM 2007  
Blogger മുസ്തഫ|musthapha said...

ഇതാണ് ശരിയായ പടം പിടുത്താം... അല്ലത്തതൊക്കെ... ചുമ്മാ... ബെറുതെ... :)

ഇതാരപ്പാ... ആ സൈക്കിള്‍ ഇതിനിടയിലൂടെ തള്ളി വിട്ടത്... :)

Sun Dec 30, 05:07:00 PM 2007  
Blogger സു | Su said...

ഇതിനെ നവഗ്രഹഫോട്ടോഗ്രാഫി എന്നും പറയാം. ഇതിനെങ്ങനെയിങ്ങനെയായി എന്നു നോക്കാന്‍ നിന്നാല്‍ നവഗ്രഹങ്ങളും കാണുമെന്നര്‍ത്ഥം.

Sun Dec 30, 05:16:00 PM 2007  
Blogger umbachy said...

ഒരു പോട്ടം പിടിച്ച് തര്വോ...?

Sun Dec 30, 06:07:00 PM 2007  
Blogger Nachiketh said...

അടിപ്പൊളി വക്കാരി.........

Sun Dec 30, 07:22:00 PM 2007  
Blogger Gopan | ഗോപന്‍ said...

പടവും കുറിപ്പും മനോഹരം..
നിങ്ങളുടെ കുറിപ്പ് വച്ചു പിടിക്കുന്നതിനു ഒരു statutory വാണിംഗ് കൂടെ ചേര്‍ക്കുന്നത് നല്ലത് എന്ന് തോന്നുന്നു.. വാല്‍മീകി പറഞ്ഞതു പോലെ രണ്ടെണ്ണം വീശിയാണ് പോകുന്നതെങ്കില്‍ പിന്നെ വഴിയില്‍ കാണുന്നവര്‍ക്കും ഈ രഹസ്യം പറഞ്ഞു കൊടുക്കേണ്ടി വരും .. :-) പുതുവത്സരാശംസകള്‍.

Sun Dec 30, 09:08:00 PM 2007  
Blogger ഗുപ്തന്‍ said...

ആ സൈക്കിള്‍ ചവിട്ടിപോണവന്‍ പടമായ പോലെ... കിക്കിടു...

(അബദ്ധമാന്ന് പറേണ്ട ഇനി ആരോടും)

Sun Dec 30, 10:33:00 PM 2007  
Blogger ഉപാസന || Upasana said...

വക്കാരി സൈക്കിളിന്മേല്‍ ഉണ്ടായിരുന്നു അല്ലേ..?
:)
ഉപാസന

Sun Dec 30, 11:08:00 PM 2007  
Blogger Umesh::ഉമേഷ് said...

ഹഹഹ...

വെല്‍ക്കം ബായ്ക്ക്, വക്കാരീ...

Mon Dec 31, 01:28:00 AM 2007  
Blogger വേണു venu said...

അപ്പോള്‍‍ അത്യന്താധുനികം വരുന്നതിന്‍ സര്‍വ്വപുച്ഛവും ബിപിയും ഒക്കെ കുറെ വേണം.:)

Mon Dec 31, 03:30:00 AM 2007  
Blogger Promod P P said...

വക്കാരി‌ജി
ഇതു മോശമായി (പടം അല്ല)
ഇംഗ്ലണ്ടിലും അമേരിക്കയിലും ഒക്കെ ചെന്നിട്ട് എന്താ കാര്യം? ഒരു മോട്ടോര്‍ സൈക്കിള്‍ എങ്കിലും വാങ്ങിക്കൂടേന്നും ഇങ്ങക്ക്?
ഒരു പഴയ ഹെര്‍ക്കുലീസ് സൈക്കിളേ.. ഛേ മോശം

(പടം കിടിലം എന്ന് പറയേണ്ട ആവശ്യമില്ലല്ലൊ)

Mon Dec 31, 05:56:00 PM 2007  
Blogger ദേവന്‍ said...

അയ്യോ ആ വാഹനത്തെ ആക്ഷേപിക്കല്ലേ തഥാഗതന്‍ ഭായി. അതാണു ജിട്ടെന്‍ഷാ. ഈ ഷായെക്കുറിച്ച് പണ്ട് വക്കാരി വിശദമായി എഴുതിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ജിട്ടെന്‍ഷാ ഓടിച്ചതിനു നാലു പോലീസ് കാര്‍ (പോലീസുകാരല്ല, ഇടിവണ്ടി) വക്കാരിയെ ചേസ് ചെയ്തു പിടിച്ച് കൊടവടി സഹിതം പൊക്കി ലോക്കപ്പിലടച്ചതാ പണ്ട് ടോക്യോയില്‍ വച്ച്.

Mon Dec 31, 06:24:00 PM 2007  
Blogger myexperimentsandme said...

മൊത്തം ബിസി. 2007 ന് യാത്രയയപ്പ്, 2008 ന് വരവേല്പ്. അവര്‍ക്കൊക്കെ ഇങ്ങിനെ ഓരോ കൊല്ലവും പോയും വന്നുമിരുന്നാല്‍ മതി. പണി മുഴുവന്‍ നമുക്കും...ഹും

പേപേ, നന്ദി. ലിങ്കിന് ഒന്നുകൂടി നന്ദി. അപ്പോള്‍ എനിക്കൊക്കെ സ്കോപ്പുണ്ട് :)

ടെയില്‍മീകീ, നന്ദി. പറഞ്ഞ കാര്യം പട്ടിയോട് ചോദിച്ചിട്ട് പറയാം :)

ഹരിത്, അതാണ് ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. കിടിലന്‍ പടം പിടിക്കുന്നവനാര്? ഞാന്‍ :)

ബഹൂസ്, ഭാവനയുണ്ടെങ്കില്‍ പിന്നെല്ലാം ശോഭന എന്നാണല്ലോ. ബഹുവിന്റെ ആ കഥാഭാവനയ്ക്ക് മുന്‍പില്‍ ഞാന്‍ നമിത :)

ബാബുരാജ്, എങ്കില്‍ എന്തോ ഒന്ന് മിസ്സിംഗാവണം. മരത്തലയാവാനാണ് സാധ്യത. അത് അത്യപൂര്‍വ്വം ആള്‍ക്കാര്‍ക്ക് മാത്രമേ ഉള്ളൂ :)

മൂത്ത്രീ, പോയ ബുദ്ധി ഇനി ആര് പിടിച്ചിട്ടെന്ത്. അത് തന്നെയായിരുന്നു നല്ല തലേക്കെട്ട്. പക്ഷേ ഒരു പോസ്റ്റൈഡിയ അത് തന്നു. അതിന് നന്ദി മൂര്‍ത്തിക്ക് :)

യെന്‍‌രുചിനവന്‍, നന്ദി. നന്ദി. എല്ലാവര്‍ക്കും ആ ഒരു വിചാരമേ ഉള്ളൂ. പിന്നെ ഫോട്ടോകളൊക്കെ അടിപൊളിയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ :)

ശ്രീലാലേ, അത് സീക്രട്ട്. അതാരാണെന്നറിഞ്ഞാല്‍ പിന്നെ പോയില്ലേ എല്ലാം (ചുമ്മാ, സസ്പെന്‍ഷന്) :)

ഹ...ഹ... രാജന്‍, അതുകൊണ്ടല്ലേ ആദ്യം തന്നെ വിവരിച്ചേക്കാമെന്ന് വിചാരിച്ച്. ഇതിന്റെ ഒരു അവലോകനമാണ് ആദ്യമോര്‍ത്തത്. പിന്നെ വട്ടായി.

ദേവേട്ടാ, കൈമറ പാന്‍ കിംഗ് എന്നാണ് ആ ശാസ്ത്രശാഖയുടെ ശരിപ്പേര്. ലോമോഗ്രാഫി പ്രകാരം പൂജാരിയുടെ വയറ്റത്ത് ചിരിച്ചോണ്ടിരിക്കുന്ന വധുവിനെ വരെ കിട്ടും.

ഫൈസലേ, സംഭവം കമ്പുവില്‍ കണ്ടപ്പോഴാ എന്റെയും ശ്വാസം നേരേ വീണത്. മൊത്തം ടെന്‍ഷനല്ലായിരുന്നോ :)

അഗ്രൂ, സൈക്കിളല്ലേ ഇവിടെ താരം. ദേവേട്ടന്‍ അവസാനം പറഞ്ഞിട്ടുണ്ട്.

സൂ, നവഗ്രഹങ്ങളും കാണാം, നക്ഷത്രമെണ്ണാം അങ്ങിനെ എത്രയെത്ര സിനിമാ സ്കോപ്പുകള്‍ക്ക് സ്കോപ്പുള്ള പരിപാടിയാണെന്നറിയാമോ :)

ഉമ്പാച്ചീ, പയറെഞ്ചിനില്‍ പയറുപോലെ പടമായ പാവത്തിനെ കണ്ടപ്പോഴാണോ ഉമ്പാച്ചിക്കും തോന്നിയത് ഒരു ഫോട്ടം പിടിച്ചാല്‍ കൊള്ളാമെന്ന് :)

നചീസ്, നന്ദി.

ഗോപന്‍, നന്ദി. മൂര്‍ത്ത്രീ പറഞ്ഞതുപോലെ ഇതെല്ലാം സ്ട്രെസ് ഫ്രീ ഫോട്ടോഗ്രാഫിക് ടെക്‍നിക്കുകളല്ലേ. ആരുടെ സ്ട്രെസ് ആണ് ഫ്രീയാവുന്നത് എന്നതില്‍ മാത്രം സ്വല്പം കണ്‍ഫ്യൂഷനുണ്ട് :)

ഗുപ്ത്‌സ്, ഞാനും ആദ്യം ഓര്‍ത്തതാണ് ഒന്നും മിണ്ടേണ്ടന്ന്. പക്ഷേ ഇന്നലെ ചെയ്തോരബദ്ധം ഒരു ആചാരമാവാന്‍ ആയിരം കൊല്ലമെങ്കിലുമെടുക്കുമെന്നല്ലേ. അപ്പോള്‍ നാളെ ആരെങ്കിലും ഇങ്ങിനെയൊരു പടം പിടിച്ച് തരാന്‍ പറഞ്ഞാല്‍ തീര്‍ന്നില്ലേ കാര്യം :)

സുനിലേ, അതല്ലേ അതിന്റെ മൊത്തം ടെക്‍നിക്. സൈക്കിളിന്‍‌മേലും ഞാന്‍, പടമായതും ഞാന്‍, പടവും ഞാനെടുത്തത് :)

ഉമേഷ്‌ജി, എന്റെ ബായ്ക്കില്‍ വരുന്നവനെവരെ വെല്‍ക്കം ചെയ്യാം, എന്നാലും എന്നെ ചെയ്യില്ല അല്ലേ (ഓ സ്വാറി, എന്റെ ബായ്ക്കിനെ മാത്രം വെല്‍ക്കം ചെയ്തു അല്ലേ, ഞാനത്രയ്ക്ക് മോശമൊന്നുമല്ല കാണാന്‍) :)

വേണുവണ്ണാ, സര്‍വ്വാംഗം പുച്ഛം വേണ്ട, ബായ്ക്കില്‍ മാത്രം മതിയെന്നാണ് ഉമേഷ്‌ജി പറഞ്ഞത് (സ്വന്തം അനുഭവമാവണം). ബീപ്പിയാണഖിലസാരമൂഴിയില്‍ എന്നോ മറ്റോ അല്ലേ).

തഥാഗതാഗത് ജീ, ജിടെന്‍ഷയല്ലേ താരം. ദേവേട്ടന്‍ പറഞ്ഞത് തന്നെ. ആ ഒരു കദന്‍ കദൈ ഒരിക്കല്‍ പങ്ക് വെക്കാം :)

എല്ലാവര്‍ക്കും നവവത്സരാശംസകള്‍.

Tue Jan 01, 01:47:00 AM 2008  
Anonymous Anonymous said...

:)

Thu Jan 03, 02:05:00 PM 2008  
Blogger yanmaneee said...

timberland outlet
michael kors outlet
louboutin shoes
adidas stan smith
fila shoes
louboutin shoes
jordan shoes
hermes handbags
curry shoes
fila shoes

Wed Jun 12, 01:28:00 PM 2019  

Post a Comment

<< Home