Tuesday, April 29, 2008

പിയാനിംഗ് അഥവാ പ്യാനിംഗ്

കൈപ്പള്ളി പ്യാനിംഗ് നടത്തി ഇത്തരം ഫോട്ടോകള്‍ എടുത്തത് കണ്ട് വണ്ടറായി സപ്തവും പ്യാനിംഗ് നടത്തി, ഇവിടെ.

പക്ഷേ അള്‍ട്ടിമേറ്റ് പ്യാനിംഗ് എന്ന് പറയുന്നത് അതൊന്നുമല്ല, ഇത് തന്നെ. നാടകാന്ത്യം കവിത്വം എന്ന് പറയുന്നതുപോലെ പാനിംഗാന്ത്യം പുക എന്നാണല്ലോ.

പക്ഷേ ഇതെല്ലാം കണ്ടപ്പോള്‍ എന്റെ സാമൂഹ്യബോധം പതിവുപോലെ ഉണര്‍ന്നു.

പ്യാനിംഗിലും ചാതുര്‍‌വര്‍ണ്ണ്യമോ? വിവേചനമോ?

ചാതുര്‍‌വര്‍ണ്ണ്യത്തിന്റെ ഉത്തമോദാഹരണമാണ്, ചതുര്‍വീലന്‍ വണ്ടികളുടെ പടങ്ങള്‍ മാത്രമേ പാനിംഗ് പടങ്ങളില്‍ കാണുന്നുള്ളൂ എന്നത്. അതെന്താ വണ്ടികളിലെ സവര്‍ണ്ണരാണോ ചതുര്‍‌വീലന്മാര്‍? പ്യാനിംഗിലും വേണ്ടേ സാമൂഹ്യനീതി? ഒരു സ്കൂട്ടറോ, ഓട്ടോയോ സൈക്കിളോ എന്തുകൊണ്ട് പ്യാനിംഗ് പടങ്ങളില്‍ കാണുന്നില്ല? ടെക്‍നോളജിക്കല്‍ ബ്രാഹ്‌മണിസമാണോ (കഃട്, ബെന്നി) ഇത്?

സംവരണത്തെപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെ കാണുമ്പോള്‍, നരവംശശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരുമെല്ലാം മൂക്കിനു മുകളില്‍ നെറ്റിയില്‍ വരെ വിരല്‍‌വെക്കുന്ന തരത്തിലുള്ള ആശയങ്ങളും അഭിപ്രായങ്ങളുമൊക്കെ മലയാളം ബ്ലോഗില്‍ തന്നെ വായിക്കുമ്പോള്‍, എന്തുകൊണ്ട് തങ്ങള്‍ ഇങ്ങിനെയൊക്കെ ചിന്തിച്ചില്ല എന്ന് അവരൊക്കെ നാണിച്ച് അവരോട് തന്നെ ചോദിക്കുന്ന തരം വിശകലനങ്ങളൊക്കെ കാണുമ്പോള്‍, എന്നെപ്പോലുള്ള ഒരാള്‍ക്ക് തോന്നുന്ന സ്വാഭാവികസംശയമാണ് വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ അഗ്രജന്റെ അത്രയെങ്കിലും അനുപാതം ഇതിനൊക്കെയുണ്ടോ എന്നത്. അതായത് നമുക്ക് ഓരോരുത്തര്‍ക്കും, അത് അവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും സവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും, സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം? അല്ലെങ്കില്‍ നമ്മള്‍ ഇപ്പോള്‍ എന്താണ്, അണ്ണാറക്കണ്ണന്‍ രീതിയിലാണെങ്കിലും ചെയ്യുന്നത്? എന്താണ് ഇക്കാര്യത്തില്‍ നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍? അവ എങ്ങിനെയൊക്കെ നിറവേറ്റാം? അത്തരം രീതിയിലൊന്നും ചര്‍ച്ചകള്‍ പോകുന്നത് കാണുന്നേ ഇല്ല (എന്റെ കണ്ണിന്റെ കുഴപ്പം തന്നെ). അങ്ങിനെ ചര്‍ച്ചകള്‍ കാടുകയറിപ്പോകുമ്പോള്‍ പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ പറ്റാത്ത ഒന്നാണോ സാമൂഹ്യനീതി എന്നുപോലും സംശയിച്ചുപോകുന്നു, എന്നെപ്പോലുള്ളവര്‍.

എന്തായാലും പ്യാനിംഗിലെ ചക്രവിവേചനത്തിനെതിരെയെങ്കിലും എന്നാലായത് എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. വ്യത്യസ്തനായൊരു ബ്ലോഗറാം വക്കാരിയെ ഇവര്‍ മാത്രം (ഒന്ന്, രണ്ട്) തിരിച്ചറിഞ്ഞാല്‍ പോരല്ലോ. അതുകൊണ്ട് പ്യാനിംഗിലെ വര്‍ണ്ണവിവേചനത്തിനെതിരെ എന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി ലോകത്താദ്യമായി ഒരു ഓട്ടോറിക്ഷയുടെ പ്യാനിംഗ് പരീക്ഷണം നടത്തി ഞാന്‍. ഓട്ടോയുടെ പാനിംഗ് എന്താ കൊള്ളില്ലേ? ഓട്ടോയും മറ്റേത് ഓട്ടോമൊബൈലും പോലെ തന്നെ. പുത്തന്‍ വണ്ടി വാങ്ങിച്ചാല്‍ ആക്സന്റ് കാരനും പിന്നെഞ്ചിന്‍ ഓട്ടോക്കാരനും ആര്‍ട്ടീയോ ആപ്പീസില്‍ ക്യൂ നില്‍ക്കണം,രജിസ്റ്റര്‍ ചെയ്യാന്‍. അവിടെ എല്ലാവരും തുല്ല്യര്‍ മാത്രം. പിന്നെന്താ, പിയാനിംഗ് പടങ്ങളില്‍ ഓട്ടോയൊന്നും കാണാത്തത്? ഒന്നുകില്‍ ഒന്നും കാണൂല്ല, അല്ലെങ്കില്‍ കൊറോളയും സ്കോഡയും മാത്രം. വിവേചമല്ലാതെ മറ്റെന്ത്?

ആ ചരിത്രസംഭവത്തിന് ഇതാ മലയാളം ബ്ലോഗ് സാക്ഷ്യം വഹിക്കുന്നു:



എന്റെ വാക്ക് വെറുംവാക്കല്ല എന്ന് തെളിയിച്ചുകൊണ്ട് ഞാന്‍ മുച്ചക്രത്തില്‍ മാത്രമല്ല ഇരുചക്രത്തിലും പ്യാനിംഗ് നടത്തി:


യ്യോ, ഒരു മിനി അഗ്രജനായോ... ഇല്ല, ഇതിലുണ്ട് മൊത്തത്തില്‍:


പക്ഷേ, ആത്യന്തികമായി ഞാനാര്? ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദി. ജാത്യാലുള്ളത് തൂത്യാല്‍ പോകുമോ? ശങ്കര്‍‌ജി പിന്നെയും തെങ്ങേല്‍‌ജി തന്നെ. അതുകൊണ്ട് സംഭവം കറങ്ങിത്തിരിഞ്ഞ് ഇതും


ഇതുമൊക്കെയായി.


ഇതുമായി:


എന്തായാലും അള്‍ട്ടിമേറ്റ് പാനിംഗ് ഇതുതന്നെ

അതുകൊണ്ട് സംവരണത്തിന് കാരണമായ കാര്യങ്ങളെപ്പറ്റിയും വിവേചനങ്ങളെപ്പറ്റിയുമൊക്കെയുള്ള ചര്‍ച്ചകളും അതിനോടനുബന്ധിച്ചുള്ള പതിവ് ചീത്തവിളികളും അജണ്ടകള്‍ നടപ്പാക്കലുമൊക്കെ ഒരുവഴിക്ക് നടക്കട്ടെ. പക്ഷേ നമ്മള്‍ ഓരോരുത്തര്‍ക്കും നമ്മുടേതായ രീതിയില്‍ സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്ന ഒരു തുറന്ന ചര്‍ച്ചയും (വ്യക്തിവൈരാഗ്യങ്ങളില്ലാതെ, പണ്ടത്തെ ദേഷ്യങ്ങളും കണക്കുകള്‍ഊം തീര്‍ക്കാനുള്ള അവസരമാക്കാതെ, മറുപക്ഷത്തിനെ കൊട്ടാനുള്ള വടിയാക്കാതെ, തുറന്ന മനസ്സോടെ, സാമൂഹ്യനീതീ എന്ന ഒറ്റ അജണ്ട മാത്രം മനസ്സില്‍ വെച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍) അതിനോടൊപ്പം നടക്കട്ടെ. ചര്‍ച്ച മാത്രമല്ല, സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും, അവര്‍ അവര്‍ണ്ണരെന്ന് ലേബലടിക്കപ്പെട്ടവരാണെങ്കിലും സവര്‍ണ്ണരെന്ന് ലേബലടിക്കപ്പെട്ടവരാണെങ്കിലും, പിന്നോക്കമെന്ന് വിളിക്കപ്പെടുന്നവരാണെങ്കിലും മുന്നോക്കമെന്ന് വിളിക്കപ്പെടുന്നവരാണെങ്കിലും, അവരെയെല്ലാം വിശ്വാസത്തിലെടുത്ത്, എതിര്‍പ്പുള്ളവരുടെ എതിര്‍പ്പുകള്‍ തികച്ചും ന്യായമായ രീതിയിലും മാന്യമായ രീതിയിലും (പറയേണ്ട കാര്യങ്ങള്‍ പറയേണ്ട പോലെ പറയേണ്ടിടത്ത് പറയേണ്ടവര്‍ പറഞ്ഞാല്‍ വക്കാരിക്കൊഴിച്ചെല്ലാവര്‍ക്കും മനസ്സിലാവും എന്നാണല്ലോ) മാറ്റി, തെറ്റിദ്ധാരണകള്‍ മാറ്റേണ്ട രീതിയില്‍ മാറ്റി, നമ്മുടെയൊക്കെ ജീവിതകാലയളവില്‍ (ഒരായിരം കൊല്ലം കഴിഞ്ഞ് നമുക്ക് നോക്കാം എന്ന അഭിപ്രായത്തെ മാനിക്കുന്നു) നമുക്കോരോരുത്തര്‍ക്കും തികച്ചും പ്രായോഗികമായി സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്നുള്ള നിര്‍ദ്ദേശങ്ങളും അവയൊക്കെ എങ്ങിനെ നടപ്പില്‍ വരുത്താം എന്നുള്ള ഒരു റോഡ് മാപ്പും ഒക്കെ വരട്ടെ, സംവരണചര്‍ച്ചകളില്‍. ഇനി മുകളില്‍ പറഞ്ഞതൊക്കെ തെറ്റാണെങ്കില്‍, വഴിതെറ്റിക്കുന്നതാണെങ്കില്‍, ഓക്കേ.

അതായത് ഒരു തികഞ്ഞ വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം കാര്യമൊക്കെ ഓക്കേയാക്കി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പ്രസംഗിക്കേണ്ട ഒന്നല്ല, സാമൂഹ്യനീതി. നമുക്ക് ഒരു ചോയ്സ് ഉണ്ടെങ്കില്‍ നമ്മുടെ കാര്യം എണ്‍പതുശതമാനം വരെപ്പോലും ചെയ്തോ, ബാക്കി ഇരുപത് ശതമാനമെങ്കിലും പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ട ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ നമുക്കോരോരുത്തര്‍ക്കും (അത് പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും മുന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും) എത്രമാത്രം സാധിക്കും എന്നതിനെ അനുസരിച്ചിരിക്കും സാമൂഹ്യനീതി അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുന്നത്. അല്ലാതെയുള്ളതൊക്കെ എന്തെങ്കിലും ചെയ്തു എന്നുള്ള മനഃസമാധാന പ്രക്രിയകള്‍ മാത്രം (എന്റെ, തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം. ഇതിനെപ്പറ്റി ആധികാരികമായി പറയാന്‍ ഞാന്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞനോ നരവംശശാസ്ത്രജ്ഞനോ ഒന്നുമല്ല-ഇതിനെപ്പറ്റിയുള്ള ഒരു പഠനം പോലും ഞാന്‍ നടത്തിയിട്ടില്ല. എന്റെ കാര്യം ഓക്കേയാക്കാന്‍ മാത്രം ശ്രദ്ധിക്കുന്ന തികച്ചും സ്വാര്‍ത്ഥനായ ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദി മാത്രം ഞാന്‍).

പാനിംഗിലെ ചാതുര്‍വര്‍ണ്ണ്യത്തിനെതിരെ ഞാ‍ന്‍ എന്റെ പോരാട്ടം തുടങ്ങി. ഇനി അടുത്തത് കാളവണ്ടിയുടെ പാനിംഗ് ആയിരിക്കും. തികച്ചും ചലഞ്ചിംഗ്.

Labels: , , ,